
പുരുഷന്മാര്‍ ഇരുപത്തൊന്നും സ്ത്രീകള്‍ പതിനെട്ടും വയസ്സ് തികച്ചാല്‍ മാത്രമേ വിവാഹിതരാകാവൂ എന്നതാണ് നിലവിലെ ഇന്ത്യന്‍ നിയമം. ശാസ്ത്രീയ പ്രമാണങ്ങളുടെ പിന്‍ബലം ഒട്ടുമില്ലാത്തതാണ് ഈ പ്രായപരിധിയെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യപുരോഗതിയുടെ പേരില്‍ ഇതിനെ ന്യായീകരിക്കുന്നവര്‍ക്ക് വിവിധ ലോകരാഷ്ട്രങ്ങളിലെ വിവാഹപ്രായം താരതമ്യവിധേയമാക്കാവുന്നതാണ്. ആണിനും പെണ്ണിനും പതിനാലു തികഞ്ഞാല്‍ ന്യൂയോര്‍ക്കില്‍ വിവാഹിതരാവാം. വത്തിക്കാനിലും പെവിവാഹപ്രായം പതിനാലു തന്നെ. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ റഷ്യയിലും ക്യൂബയിലും പതിനാറ്; ബൊളീവിയയില്‍ പതിനാലും. പതിനാറാം വയസ്സില്‍ വിവാഹം അനുവദിക്കുന്ന ‘പരിഷ്‌കൃത’ രാജ്യങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ എത്രയോ കാണാം. യൂറോപ്പിനെയും അമേരിക്കയെയും സാമൂഹ്യപുരോഗതിയുടെ റോള്‍മോഡലായി അംഗീകരിക്കുന്നവര്‍ വിവാഹപ്രായത്തില്‍ മാത്രം മലക്കം മറിയുന്നതില്‍ തീര്‍ച്ചയായും അസാംഗത്യമുണ്ട്. വിവാഹപ്രായം ലഘൂകരിക്കുന്നത് സമുദായത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടടിപ്പിക്കുമെന്ന സമുദായത്തിനുള്ളിലെ പുരോഗമനവാദികളുടെ കണ്ടെത്തല്‍ ശരിയായിരുെന്നങ്കില്‍ ലോകത്തേറ്റവും അപരിഷ്‌കൃത പ്രദേശങ്ങളുടെ പേര് റാങ്കടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക്, വത്തിക്കാന്‍, സ്‌കോട്‌ലന്‍ഡ് എന്നിങ്ങനെ ആയേനെ!
വിവാഹപ്രായ ഭേദഗതിക്കുവേണ്ടി സമുദായ സംഘടനകള്‍ ഉന്നയിച്ച ന്യായങ്ങള്‍ തള്ളിക്കളയുക വിചാരിച്ചത്ര എളുപ്പമല്ല. പ്രണയബദ്ധരായ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രായക്കുറവിന്റെ പേരില്‍ വിവാഹം നിഷേധിക്കുകയാണെങ്കില്‍ സംഭവിക്കുന്നതെന്തായിരിക്കും? മിശ്രവിദ്യാഭ്യാസവും സാങ്കേതിക സംവിധാനങ്ങളും സാര്‍വത്രികമായ ഇക്കാലത്ത് ഈയൊരു ആശങ്ക തീര്‍ത്തും പ്രസക്തമാണ്. വിവാഹ ശേഷവും പഠനം തുടരുന്ന പരശ്ശതം കുടുംബിനികള്‍ നമ്മുടെ കാമ്പസുകളില്‍ വ്യാപകമാണെന്ന വസ്തുതയും വിവാദത്തിന്റെ മറവില്‍ കാണാതിരുന്നുകൂടാ. ധാര്‍മികതക്കും ലൈംഗിക വിശുദ്ധിക്കും പരിഗണന നല്‍കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഇക്കാര്യങ്ങളത്രയും. ഇവ രണ്ടിനും മുന്തിയ പരിഗണന നല്‍കുന്നൊരു മതസംഹിതയുടെ വക്താക്കള്‍ എന്ന നിലയില്‍ മുസ്‌ലിം സംഘടനകള്‍ നിര്‍വഹിച്ച ചരിത്രപരമായ ദൗത്യത്തെ വിലയിടിച്ചു കാണുന്നത് ഒരുനിലക്കും ന്യായമല്ല.

അതിവിചിത്രമായ മറ്റൊരു വശം കൂടിയുണ്ട് വിവാഹപ്രായ വിവാദത്തിന്; പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവദനീയമായ പ്രായപരിധി ഇന്ത്യന്‍ ഭരണഘടന പ്രകാരം പതിനാറു വയസ്സ്. മാനസിക പക്വത പ്രാപിക്കും മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലെ അപകടങ്ങള്‍ കണക്കിലെടുത്ത് ഈ പ്രായപരിധി വര്‍ധിപ്പിക്കണമെന്ന് ഒരു കോണില്‍ നിന്നും ഇതേവരെ ആവശ്യമുയര്‍ന്നിട്ടില്ല. പതിനാറിനു മുകളില്‍ പ്രായമുള്ളവരെ മുതിര്‍ന്ന പൗരന്മാരായി കാണണമെന്ന കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ ശുപാര്‍ശ കഴിഞ്ഞാഴ്ച പുറത്തുവന്നപ്പോഴും മാനസിക പക്വതയുടെ പേരില്‍ അതിനെയാരും പഴഞ്ചനാക്കിയിരുന്നില്ല. ഇപ്പോള്‍ മനസ്സിലായില്ലേ, വിഷയത്തിന്റെ മര്‍മം: പതിനെട്ട് വയസ്സുവരെ ലൈംഗിക ബന്ധം എത്രയുമായിക്കോളൂ; പക്ഷേ, വിവാഹം മാത്രം പാടില്ല!
No comments:
Post a Comment