SKSSF എന്ന വിദ്യാർത്ഥി സംഘടനയുടെ നേതാക്കളിൽ ഒരാളായി എസ്.വി മുഹമ്മദലി മാഷ് ഇല്ലായിരുന്നെങ്കിലോ, വൻ ജനാവലി കൂടെയുള്ള ആ പ്രസ്ഥാനത്തിന്റെ പ്രവർത്തന വഴികളെ മാഷ് വലിച്ചുനീട്ടിയതോർത്താണീ ആലോചന. അത്തരമൊരു വിദ്യാർത്ഥി സംഘടനയിൽ അല്ലായിരുന്നു മാഷെങ്കിൽ, ചിലപ്പോൾ വെറുമൊരു സ്കൂൾ മാഷായി ഒതുങ്ങുമായിരുന്നൂ എന്റെയീ തൊട്ട ചങ്ങാതി.
മാഷിന്റെ അഞ്ചാമത്തെ പുസ്തകം കഴിഞ്ഞ ദിവസം അബുദാബിയിൽ കണ്ണൂരിലെ skssf പ്രവർത്തകർ പ്രകാശിപ്പിച്ചു. മാഷ് കേരളത്തിലെ അറിയപ്പെട്ട ട്രൈനറും കൗൺസിലറുമൊക്കെയാണിപ്പോൾ. വിഭവശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന മാഷിന്റെ പുസ്തകത്തിന്റെ ശീർഷകം സംഘാടകന്റെ ചിരി എന്നാണ്. ഒരു സംഘാടകൻ എന്ന നിലയിൽ മാഷിന്റെ വിജയങ്ങളുടെ ചിരി പലവട്ടം കണ്ടിട്ടുള്ള ഞാൻ ഒരു ഗ്രന്ഥകാരന്റെ ചിരി കൂടി ആ മുഖത്തു നേരിൽ കാണാമെന്നു കരുതിയാണ് പുസ്തക പ്രകാശനത്തെ പറ്റി കേട്ടപ്പൊൾ അവിടെ ചെന്നത്. മാഷെത്തിയിരുന്നില്ല പ്രകാശനത്തിന്. മറ്റൊരു പുസ്തകം അച്ചടിക്കാനുള്ളതിലുമേറെ പണം, വിമാന ടികറ്റിനു മുടക്കി ഈ സമയത്ത് അബുദാബിയിലേക്ക് വരുന്നില്ല എന്നു വച്ചതാണ് മാഷ്.
ശ്രോതാവാകാനെത്തിയവനെ പിടിച്ച് പ്രാസംഗികനാക്കുന്ന വിദ്യ കൊണ്ട് skssf സുഹൃത്തുക്കൾ ആ സദസ്സിൽ മാഷിനെ പരിചയപ്പെടുത്തുന്ന ആളാക്കി എന്നെ മാറ്റി. കോഴിക്കോട്ടെ ഞങ്ങളുടെ പഴയ കൂട്ടുതാമസക്കാലത്തെ ഓർമ്മിക്കാൻ അതുപകാരപ്പെട്ടു. ലോറി ബെത് യാനസിന്റെ ജീസസ്, സി.ഇ.ഒ എന്ന പുസ്തകം വായിച്ചതിന്റെ ഓർമ്മയും സദസ്സുമായി പങ്ക് വെക്കാൻ ശ്രമിച്ചു. using ancient wisdom for visionary leadership എന്നതാണാ കൃതിയുടെ പ്രത്യേകത. അതു പോലുള്ള ശ്രമങ്ങൾ മലയാളത്തിലെ മുസ്ലിം എഴുത്തുകാരിൽ നിന്നും ഉണ്ടാകുന്ന കാലത്തെ കുറിച്ചുള്ള മോഹവും പറഞ്ഞു.
പൊതുപ്രവർത്തകർക്ക് തങ്ങളുടെ വഴികൾ ഒന്നൂടെ ചിരികൾ നിറഞ്ഞതാക്കുന്നതിനുള്ള പ്രകാശനങ്ങളാണു പുസ്തകം നിറയെ. പുതിയൊരു വായനക്കു മാത്രമല്ല, പുനർവായനക്കു കൂടി പഴുതുകളുണ്ട് പുസ്തകത്തിൽ. പുസ്തകം പരിശീലിപ്പിക്കുന്ന തത്വങ്ങൾക്കും പ്രയോഗങ്ങൾക്കും ആസ്പദമായി മാഷ് ഇസ്ലാമിക വിജ്ഞാനീയങ്ങൾ ഉപയോഗപ്പെടുത്തിക്കാണുന്നതു കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. പുതിയ ജ്ഞാന മേഖലകളിലേക്ക് മലയാളത്തിലെ ഇസ്ലാമിക കൃതികൾ പ്രവേശനം നേടുന്നതു സന്തോഷകരമാണ്. ആ പഴുതുകളിലൂടെ കടന്നു വരുന്ന വെളിച്ചത്തിനു നമ്മുടെ പൊതു സ്വകാര്യ ജീവിതം കുറച്ചൂടെ സുതാര്യവും സുരഭിലവുമാക്കാനുമാകട്ടെ. മാഷിന്റെ പുസ്തകത്തിനു ധാരാളം പതിപ്പുകളിറങ്ങട്ടെ.s
No comments:
Post a Comment