" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, December 26, 2013

സുന്നി ബാലവേദി.

കേരളത്തിലെ ആധികാരിക മതപണ്ഡിത സഭയാണല്ലോ സമസ്ത. സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കീഴ് ഘടകങ്ങളില്‍ ഏറ്റവും താഴെയുള്ളതും എന്നാല്‍ അംഗബലത്തില്‍ ഏറ്റവും വലുതുമായ സംഘടനയാണ് സമസ്ത കേരളാ സുന്നി ബാലവേദി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് സംഘടനയുടെ അംഗങ്ങള്‍. ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിനാണ് മേല്‍ സംഘടനയുടെ നിയന്ത്രണം. 1993 ഡിസംബര്‍ 26ന് പാണക്കാട് ഉമര്‍ അലി ശിഹാബ് തങ്ങളും മര്‍ഹും കെ.ടി മാസുമിസ്‌ലിയാരും ചേര്‍ന്നാണ് സംഘടനയുടെ ആവശ്യതകത സമൂഹത്തിന്റെ മുമ്പില്‍ പറഞ്ഞതും അതിന് അസ്ഥിവാരം പണിതതും. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടം കാതോര്‍ക്കുന്നത് ഒരു സത്യം തന്നെ. ഇല്‍മ് കൊണ്ടും തഖ്‌വാ കൊണ്ടും ശ്രേഷ്ഠതയുള്ളവര്‍ ഇല്ലാതാവുകയും അവിവേകികളായവര്‍ നേതാക്കന്മാരാവുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മുടെ പ്രയാണം. ഒന്ന് ഒന്നിനോട് താല്‍പര്യമില്ലാത്ത ഒരു തലമുറയാണ് നമുക്ക് മുന്നില്‍ വളര്‍ന്നു വരുന്നത്. മഹാനായ ഇമാം ഗസ്സാലി (റ) പാടിയ ഒരു കവിത ഇവിടെ കുറിക്കട്ടെ. ആടിനെ മേക്കുന്നവനാണ് ആട്ടിന്‍പറ്റത്തെ ചെന്നായയില്‍ നിന്നും സൂക്ഷിക്കുക. എന്നാല്‍ അവയെ മേക്കുന്നവന്‍ തന്നെ ചെന്നായ്ക്കളായാലോ. അത് കൊണ്ട് തന്നെ എല്ലാ ഭക്തിയും ആദരവുകളും സംഘബോധവും സൗമ്യതയും ഉള്‍കൊണ്ട് നന്മകളിള്‍ മുന്നേറുകയും തിന്മകളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുന്ന സുഭദ്രമായ ഒരു തലമുറ വളര്‍ന്ന് വരാന്‍ ബാലവേദികള്‍ ആവശ്യമാണ്. അത്‌കൊണ്ട് തന്നെ സുന്നി ബാലവേദി എന്ന സമസ്ത കീഴ്ഘടകം മദ്‌റസകളില്‍ അനിവാര്യവുമാണ്. ഉമര്‍(റ) പറയുന്നു. “നേതൃത്വമില്ലാത്ത സംഘടനയില്ല. അനുസരണമില്ലാത്ത നേതൃത്വവുമില്ല. അത് കൊണ്ട് തന്നെ സുന്നിബാലവേദിക്ക് മഹത്വമുള്ളതും കെട്ടുറപ്പുള്ളതുമായ നേതൃത്വമാണ് സമസ്ത. മാത്രവുമല്ല നമ്മുടെ മഹാന്മാരായ നേതാക്കളായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ബാഫഖീ തങ്ങള്‍, പി.എം.എസ്.എ. പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ഉലമാ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങല്‍, ഉമര്‍ അലി ശിഹാബ് തങ്ങള്‍, കെ.ടി. മാനു മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രതിപാദിക്കാത്തവരുമായ ഒരു പാട് നേതാക്കള്‍. ജീവിച്ചിരിക്കുന്ന koya kutty usthath, സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്, പാണക്കാട് തങ്ങന്മാര്‍. ഇങ്ങനെയുള്ള മഹാന്മാരായ ആളുകളുടെ നേതൃത്വം കൊണ്ട് അനുഗൃഹീതമായ പ്രസ്ഥാനമാണ് സമസ്ത. നാം സമസ്തയുടെ പിന്നില്‍ അടിയുറച്ച് നില്‍ക്കണം. അതിനായി പ്രവര്‍ത്തിക്കണം. നമ്മുടെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ബഹുമാനപ്പെട്ട സമസ്തയെപ്പറ്റിയും അതിനെ നയിച്ചതും നയിക്കുന്നതുമായ മഹാന്മാരായ നേതാക്കളെപ്പറ്റിയും സമാധാന നിലനില്‍പ്പിന്റെ ആവശ്യകതയെപ്പറ്റിയും ബോധം ഉണ്ടാവണം. സമസ്തയെ മനസ്സിലാക്കാന്‍ ഉസ്താതുമാരുടെ സാരോപദേശം തേടണം. യാതൊരു വൈമനസ്സ്യവുമില്ലാതെ ഈ മഹത്തായ വൃക്ഷത്തണലില്‍ വളരാനുള്ള പ്രചോദനം ഉണ്ടാക്കിയെടുക്കാന്‍ നാം ശ്രമിക്കണം. ലോകം കീഴടക്കാന്‍ ശ്രമിക്കുന്ന വിജ്ഞാനം കരസ്ഥമാക്കുന്ന സമൂഹം വിദ്യാര്‍ത്ഥികളാണ്. അവര്‍ക്ക് വിജ്ഞാനം ലഭിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണുള്ളത്. വിനയം, ബുദ്ധിസാമര്‍ത്ഥ്യം, സ്ഥിരോത്സാഹം, ക്ഷമാശീലം, കാലദൈര്‍ഘ്യം, ഗുരുമാര്‍ഗ്ഗദര്‍ശനം എന്നീ ബാഹ്യമായതും ഗുരുനാഥരുടെ പ്രീതി പണ്ഡിത മഹാത്മാക്കളുടെ പ്രാര്‍ത്ഥനാശീര്‍വാദങ്ങള്‍ എന്നീ ആന്തരികവുമായ ഘടകങ്ങളുമാണ് അവ. വിദ്യാര്‍ത്ഥികളുടെ നേതാക്കള്‍ ഉസ്താദുമാരാണ്. ഗുരുജനങ്ങള്‍ മറ്റുള്ളവരുടെ നേതാക്കളും. മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നവരുമാണ് വിജ്ഞാനത്തിന്റെ സഹായികളുമാണ്. അല്ലാഹു പറയുന്നു. “ഓരോ വിഭാഗക്കാര്‍ക്കും ഓരോ ലക്ഷ്യബോധമുണ്ട്. അതിന്റെ നേര്‍ക്ക് അവര്‍ തിരിയുന്നു. അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് ഞാന്‍ ഞാന്‍ എന്ന വാശിയോടെ നിങ്ങള്‍ മുന്നേറുക. എവിടെയായിരുന്നാലും നിങ്ങളെല്ലാവരെയും അല്ലാഹുകൊണ്ടു വരും. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിയുന്നവനാണ്.. (അല്‍ബഖറ: 148) നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അതിനെകുറിച്ച് അല്ലാഹു അശ്രദ്ധനല്ല. (അല്‍ബഖറ: 149 ). നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവ് ചെയ്യുക. സ്വന്തം കൈകളെ നാശത്തിലേക്ക് എറിഞ്ഞുകളയരുത്. നിങ്ങള്‍ നന്മ ചെയ്യുക. നിശ്ചയം നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്. (അല്‍ബഖറ:195) അത് കൊണ്ട് തന്നെ നമ്മുടെ പ്രവര്‍ത്തനം മടികൂടാതെ സുന്നിബാലവേദിയുടെയും ബഹു. സമസ്തയുടെയും വളര്‍ച്ചക്കായിരിക്കണം. നബി (സ) മടിയെ തൊട്ട് കാവല്‍ ചോദിച്ചത് ഹദീസില്‍ വ്യക്തമാണ്. നാമും മടിയെതൊട്ട് കാവല്‍ ചോദിക്കണം. ഒരു കവി പറഞ്ഞത് പോലെ “മുടക്കുണ്ടാക്കുന്നവരോടും മടിയുള്ളവരോടും നീ സഹവസിക്കരുത്. അത് മതത്തില്‍ വലിയ വിപത്തുണ്ടാക്കും’’. സുന്നിബാലവേദിയുടെ ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നാം നേതൃത്വം നല്‍കണം. ഭരണഘടനയിലുള്ള ലക്ഷ്യം താഴെ ചേര്‍ക്കുന്നു. 1.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയദര്‍ശങ്ങളി ലധിഷ്ഠിതമായ ഒരു ബാലസമൂഹമായി പ്രവര്‍ത്തിക്കുക. 2. വിദ്യാര്‍ത്ഥികളില്‍ ദീനീബോധവും വിശ്വാസ ദാര്‍ഢ്യവും അച്ചടക്കവും സൗഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തുക. 3. ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിക്കുകയും ഐഹികവും പാരത്രികവുമായ അത്യുന്നതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുക. 4. നിരീശ്വര- നിര്‍മ്മിത പുത്തന്‍ പ്രസ്ഥാനങ്ങളുടെ പ്രചാരവേലക്കെതിരെ ബാലവിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയും അവര്‍ക്കിടയില്‍ ഇസ്‌ലാവിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുക. 5. സംസ്‌കാര സമ്പന്നരായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയും മതഭൗതിക വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. 6. ഇസ്‌ലാമിക പ്രചരണത്തിനും കലാസാഹിത്യ പോഷണത്തിനും ലൈബ്രറി, സാഹിത്യസമാജം എന്നിവ സ്ഥാപിച്ചു നടത്തുക.. 7. പ്രാഥമിക പഠനത്തിനിടക്ക് രംഗത്തു നിന്നു ഒഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠനം തുടരാനാവശ്യമായത് ചെയ്ത് കൊടുക്കുക. 8. നിര്‍ധനരും നിരാലംബരുമായി വരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കുക. 9. ഭാവി ജീവിതം ഭാസുരമാക്കാന്‍ വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളെയും ബോധവാന്മാരാ ക്കുക. മേല്‍ ലക്ഷ്യത്തിലാണ് നമ്മുടെ പ്രവര്‍ത്തനം നടത്തേണ്ടത്. സുന്നിബാലവേദിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുകയാണ്. 9008 മദ്രസാ യൂണിറ്റുകളും 400 റൈഞ്ച് യൂണിറ്റുകളും 17 ജില്ലാ യൂണിറ്റുകളും (നീലഗിരി, ദക്ഷിണ കന്നഡ, കൊടക് ഉള്‍പ്പെടെ ആണ് സംസ്ഥാന കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്). സംഘടന നേരത്തെ എസ്.വി. മുഹമ്മദലി മാസ്റ്ററും അബ്ദുറസാഖ് ബുസ്താനി തുടങ്ങിയവര്‍ കണ്‍വീനര്‍മാരായി സ്ഥാപിച്ചത്, പിന്നീട് ഭരണഘടന സ്ഥാപിക്കുകയും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഥമ പ്രസിഡന്റാവുകയും ചെയ്തു. ഇന്ന് ലോകം തന്നെ ഉറ്റുനോക്കുന്ന യുവപ്രതിഭ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കുന്നത്. മാത്രവുമല്ല. ഭരണഘടനാപരമായി സംഘടനക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ ഒരു ഉപദേശക സമിതിയും എല്ലാ ഘടകങ്ങള്‍ക്കുമുണ്ട്. സമസ്തയുടെ കീഴ് ഘടകങ്ങളായ SYS, SMF, SKSSF, SKJM, SKIMVB, MMA എന്നിവയുടെ ഓരോ പ്രതിനിധികളാണ് ഉപദേശക സമിതിയില്‍. SKJM ന്റെ പ്രതിനിധി ചെയര്‍മാനും SKSSF പ്രതിനിധി കണ്‍വീനറുമാണ്. സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഉസ്താദുമാരും സജീവമാണ്. ബഹുമുഖ പദ്ധതിയാണ് സംസ്ഥാന കമ്മിറ്റി നടപ്പില്‍ വരുത്തുന്നത്. ജ്ഞാനതീരം, ടാലന്റ് സേര്‍ച്ച്, ബാല ഇന്ത്യ സ്‌നേഹജാലകം, വിവിധ കാമ്പയിനുകള്‍ അവാര്‍ഡുദാനം തുടങ്ങിയവ ചിലതുമാത്രം. മേല്‍ പ്രവര്‍ത്തനങ്ങള്‍ വിജയപ്രദമാവണമെങ്കില്‍ മദ്‌റസ പ്രസ്ഥാനം സജീവമായി വരണം. മദ്‌റസയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് അവസാനിക്കണം. ഇതിന് സുന്നിബാലവേദി പ്രവര്‍ത്തകര്‍ തന്നെ തീവ്രമായി പ്രവര്‍ത്തിക്കണം. അലി (റ) പറഞ്ഞു. വിജ്ഞാനാന്വേഷിയെ സ്വര്‍ഗ്ഗം തേടി വരും. എന്നാല്‍ പാപം ചെയ്യാന്‍ ഒരുങ്ങിയവനെ നരകവും. ഹസന്‍ ബസ്വരി (റ) പറഞ്ഞതായി കാണാം. മര്യാദയില്ലാത്തവന് ജ്ഞാനം ലഭ്യമല്ല. ക്ഷമയില്ലാത്തവന്‍ മതവിശ്വാസിയാവുകയില്ല. സൂക്ഷ്മതയില്ലാത്തവന് ദൈവസാമീപ്യം സാധ്യമല്ല. വിജ്ഞാനം ഇസ്‌ലാമിന്റെ ജീവനാണ്. വിജ്ഞാനം നിലനിര്‍ത്തുന്നതിന് ഇല്‍മിന്റെ സേവകരാവുക എന്നാണര്‍ത്ഥം. ഇങ്ങനെയുള്ള മഹത്തുക്കളുടെ വാക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് സുന്നി ബാലവേദി പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്ത് മുറുകെ പിടിച്ച് മുന്നോട്ടു ഗമിക്കണം. ഏത് കൊടുങ്കാറ്റടിച്ചാലും നാം പുറകോട്ട് പോവരുത്. ദേഹേച്ഛ പാപങ്ങളുടെ കടലും മരണം ആയുസ്സിന്റെ കടലും ഖബറ് ദുഃഖങ്ങളുടെ കടലും ആണ് എന്ന് നാലു കടലുകളെ കുറിച്ച് ഉമര്‍ (റ) പറഞ്ഞത് നമുക്ക് ബോധവുണ്ടാവണം. പ്രശസ്തനായ ഒരു കവി പറഞ്ഞു. നീ നല്ലവരോട് കലരുക. അവര്‍ മൂലം നീ നന്മയെ എത്തിക്കും. അവര്‍ ഭൂമിയിലെ ചന്ദ്രന്മാരാണ്. കക്കൂസ് ടാങ്കിലെ വെള്ളം സമുദ്രജലത്തോട് ചേര്‍ന്നാല്‍ അഴുക്ക് നീങ്ങി അത് ശുദ്ധമായതാണ്. തിന്മയെ തടുക്കുവാനുള്ള ഏറ്റവും നല്ല ആയുധം നന്മയാണ് എന്ന് നാം മനസ്സിലാക്കണം. അത് നമ്മുടെ നയമായി ഉപയോഗിക്കണം. അതിന് നമ്മുടെ ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടുവീഴ്ച, നല്ല വാക്കുകള്‍, പ്രതികാര മനഃസ്ഥിതി ഉപേക്ഷിക്കല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ തിന്മയെ നേരിടാന്‍ നാം കൈമുതലാക്കണം. ഇങ്ങനെയുള്ള എല്ലാ സ്വഭാവ ഗുണങ്ങളും പ്രവര്‍ത്തന മേഖലകളിലും പൊതുജന സമ്പര്‍ക്കരീതികളിലും മതപ്രചരണ പ്രസംഗം എഴുത്ത് തുടങ്ങിയ മറ്റ് കലാ പരിശീലനങ്ങളിലും നാം ധൈര്യസമേതം നേടിയെടുക്കണം. സാഹചര്യം അനുസരിച്ച് നാം പ്രവര്‍ത്തന ഗോദയിലിറങ്ങണം. നമ്മുടെ ബഹുമാനപ്പെട്ട ഗുരുനാഥന്മാര്‍, പ്രായമുള്ളവര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുടെ ആശീര്‍വാദവും അനുവാദവും നാം വാങ്ങണം. നമ്മുടെ പ്രിയപ്പെട്ട സംഘടനയെ വളര്‍ത്തി ഭാവിയുടെ നല്ല സമൂഹത്തിന് ഉതകുന്ന വിധത്തില്‍ പ്രവര്‍ത്തനം കാഴ്ച വെച്ച് സമസ്ത എന്ന പ്രസ്ഥാനത്തിന്റെ പതാകക്ക് കീഴില്‍ അണി നിരക്കാന്‍ ശ്രമിക്കണം. നമ്മുടെ നാട്ടിന്, നമ്മുടെ മഹല്ലത്തിന്, നമ്മുടെ രാജ്യത്തിന് ഗുണകാംക്ഷയുള്ള ഉത്തമ പൗരന്മാരായി നാം വളരണം. അതിന് അല്ലാഹു തൗഫീഖ് നല്‍കട്ടെ ,ആമീന്‍. (copy old aan)

No comments:

Post a Comment