" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Friday, August 23, 2013

നമ്രശിരസ്കരായി….

തന്റെ നീണ്ടവേര്‍പ്പാടിനു ശേഷം ക്ഷണമനുസരിച്ചെത്തുന്ന പിതാവിനെ വരവേല്‍ക്കാന്‍ യൂസുഫ് നബി കൊട്ടാരത്തില്‍ നിന്നു നഗരാതിര്‍ത്തിയിലേക്കു പ്രമുഖന്‍മാരും പരിവാരങ്ങളും സഹിതം പുറപ്പെട്ടു. അവിടെ അദ്ദേഹത്തിനു വേണ്ടി പണിതുയര്‍ത്തപ്പെട്ട താല്‍ക്കാലിക മന്ദിരത്തില്‍ അവരെയൊക്കെ സ്വീകരിച്ചിരുത്തി.

മാതാപിതാക്കളെ യൂസുഫ് നബി ആലിംഗനം ചെയ്താണ് വരവേറ്റത്. തനിക്ക് തയ്യാറാക്കപ്പെട്ട സവിശേഷമായ രാജകീയ കട്ടിലില്‍ അവരിരുവരെയും ഇരുത്തി. വിശ്രമാനന്തരം, ഇനി നമുക്ക് സാവകാശം നഗരത്തിലേക്ക് പ്രവേശിക്കാം എന്നു പറഞ്ഞ് കൊട്ടാരത്തിലേക്കവരെല്ലാവരും പുറപ്പെട്ടു. 'ഇന്‍ശാഅല്ലാഹ്' എന്ന പ്രയോഗം ബറക്കത്തും ദിവ്യാനുഗ്രഹവും ഉദ്ദേശിച്ചുള്ളതാണ്. വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍ അങ്ങനെ വേണമെന്നാണല്ലോ ഖുര്‍ആന്റെ നിര്‍ദ്ദേശം. 

യൂസുഫ് നബി(അ) മാതാപിതാക്കളെ തന്റെ രാജകീയ കട്ടിലില്‍ ഉപവിഷ്ടരാക്കി. അപ്പോള്‍ അവരും പതിനൊന്ന് സഹോദരങ്ങളും യൂസുഫ് നബി(അ)ക്ക് സാഷ്ടാംഗമായി വീണു. താന്‍ മുമ്പ് കണ്ട സ്വപ്നത്തിന്റെ സാക്ഷാല്‍കാരമാണിതെന്ന് തല്‍സമയം അദ്ദേഹം വ്യക്തമാക്കി. താന്‍ ഇപ്പോള്‍ ഇക്കാണുന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത് അല്ലാഹുവിന്റെ അതിനിഗൂഢമായ ഭരണതന്ത്രത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. 

അല്ലാഹു ചെയ്ത മഹത്തായ ചില അനുഗ്രഹങ്ങളും യൂസുഫ് നബി(അ) ഇവിടെ അനുസ്മരിക്കുന്നുണ്ട്. തന്നെ ജയിലില്‍ നിന്ന് പുറത്ത് കൊണ്ടുവന്നതാണ് ഒന്ന്. രാജകീയ സവിശേഷപരിഗണനയോടെ ജയില്‍ വിടുകയായിരുന്നുവല്ലോ അദ്ദേഹം. ഫലസ്ഥീന്റെ കുന്നിന്‍ചരിവുകളില്‍ ഗ്രാമീണരായി കഴിഞ്ഞുപോന്ന യഅ്ഖൂബ് കുടുംബത്തെ നഗരത്തിലെത്തിച്ചുവെന്നതാണ് രണ്ടാമതായി എടുത്തു പറയുന്നത്. ലോകത്തെ ഏറ്റം പുരാതനമായ നഗരങ്ങളിലൊന്നാണല്ലോ ഈജിപ്ത്. ഒട്ടനേകം സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍. ഗ്രാമപ്രാന്തങ്ങളില്‍ നിന്ന് ഒരു പ്രവാചക ശൃംഖല നഗരത്തിലെത്തുക എന്നത് സുപ്രധാന കാര്യം തന്നെയാണ്. തിങ്ങിപ്പാര്‍ക്കുന്ന നിവാസികളായിരിക്കുമല്ലോ നഗരങ്ങളില്‍; ഗ്രാമങ്ങളില്‍ കുറച്ചാളേയുണ്ടാകൂ. ആ നിലക്ക് തൌഹീദിന്റെ പ്രചാരണത്തിനും സത്യത്തിന്റെ പ്രബോധനത്തിനും ഏറെ എളുപ്പം നഗരാന്തരീക്ഷമാണ്. 

എന്നാല്‍ സ്വസഹോദരന്‍മാര്‍ തന്നെ കിണറ്റിലിട്ടിട്ട് അവിടന്ന് രക്ഷപ്പെട്ടതും വലിയൊരനുഗ്രഹമായിരുന്നു. അതു പക്ഷെ, ഇവിടെ എടുത്തു പറഞ്ഞിട്ടില്ല. യൂസുഫ് നബി(അ)ന്റെ മാന്യതയും കുലീനതയും ഉന്നത വ്യക്തിത്വവുമാണതില്‍ മുഴച്ച്കാണുന്നത്. അവരുടെ ദുഷ്ടചെയ്തികള്‍ കഴിഞ്ഞവരവില്‍ വിട്ട്പൊറുത്തിരുന്നുവല്ലോ. വീണ്ടും അതെടുത്തുപറയുന്നതും തദ്വാരാ അവരെ അപമാനിക്കുന്നതും മാന്യോചിതമല്ല. അതാണത് വിട്ടുകളയാന്‍ കാരണം. 

യഅ്ഖൂബ് കുടുംബത്തെ അവന്‍ ഈജിപ്തിലെത്തിച്ചത് അല്ലാഹു തനിക്ക് ചെയ്ത അനുഗ്രഹമാണെന്നാണ് യൂസുഫ് നബി(അ) പറയുന്നത്. പിന്നെയും അനേക വര്‍ഷം യഅ്ഖൂബ് കുടുംബം-ഇസ്രായേല്യര്‍-ഈജിപ്തില്‍ താമസിച്ചുവല്ലോ. ഒട്ടേറെ തലമുറകള്‍ക്കവിടെ കഴിഞ്ഞുകൂടാന്‍ വഴിതെളിച്ചത് യൂസുഫ് നബി(അ)യാണ്. മാത്രമല്ല, രാജാവിന്റെ കുടുംബം എന്ന അന്തസ്സും അവര്‍ക്ക് നേടാനായി. ഇതിനൊക്കെ കാരണക്കാരനും കണ്ണിയുമായത് അദ്ദേഹമായിരുന്നു. 

ഒട്ടേറെ പരീക്ഷണങ്ങള്‍ തരണം ചെയ്ത യൂസുഫ് നബി(അ) തന്റെ ഭൌതിക ജീവിതത്തിന്റെ പരമോന്നതിയിലെത്തിയിരിക്കുകയാണ്. പിതാവ് യഅ്ഖൂബ് നബി(അ) തിക്തമായ അനുഭവങ്ങള്‍ക്ക് ശേഷം അവസാനം രാജകീയ സുഖത്തില്‍ സന്തുഷ്ടനായി ജീവിക്കുന്നതും അദ്ദേഹത്തിന് കാണുവാന്‍ കഴിഞ്ഞു. ഇരുപത്തിനാല് കൊല്ലം യഅ്ഖൂബ് നബി(അ) ഈജിപ്തില്‍ താമസിച്ചുവെന്നാണ് മുഫസ്സിറുകള്‍ പറയുന്നത്. പിതാവ് ഇസ്ഹാഖ് നബി(അ)യുടെ സമീപം തന്നെ മറവുചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തിരുന്നതിനാല്‍ യഅ്ഖൂബ് നബി(അ) മരിച്ചപ്പോള്‍ ശാമിലാണ് മറവു ചെയ്യപ്പെട്ടത്. പിന്നീട് യൂസുഫ് നബി(അ) ഇരുപത്തി മൂന്ന് കൊല്ലം കൂടി ജീവിക്കുകയുണ്ടായി. പൂര്‍വ്വപിതാക്കളുടെയടുത്ത് തനിക്കും ചെന്ന്ചേരണമെന്നും ഈ ഭൌതിക സാമ്രാജ്യത്തിലെ സിംഹാസനവും ചെങ്കോലും ശാശ്വതമല്ലെന്നും നിസ്സാരമാണെന്നും ഗ്രഹിച്ചിരുന്ന ആ മഹാന്‍ രാജാധിരാജനായ റബ്ബിനെ വിളിച്ച് മോക്ഷമര്‍ഥിക്കുന്നതാണ് ഈ സൂക്തം.


തനിക്കു ലഭിച്ച ഭൌതികാനുഗ്രഹമായ രാജാധികാരത്തെക്കുറിച്ചാണ് ആദ്യം പറയുന്നത്. രണ്ടാമത്തേത് വൈജ്ഞാനികാനുഗ്രഹമാണ്-സ്വപ്ന വ്യാഖ്യാനം. എന്തൊക്കെയാണെങ്കിലും അവയത്രയും നിസ്സാരങ്ങളാണ്. മുസ്ലിമായി മരിക്കുന്നതിലും സന്മാര്‍ഗനിഷ്ഠരുടെയടുത്ത് പരലോകത്ത് ചെന്നെത്തുന്നതിലുമാണ് സാക്ഷാല്‍ വിജയവും സൌഭാഗ്യവും. അതാണ് ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിന്റെ രാജാവായി വാഴുന്ന യൂസുഫ് നബി(അ) സര്‍വ്വശക്തനായ റബ്ബിനോടിരക്കുന്നത്. സാമ്പത്തികമായി ഒരല്‍പം ആശ്വാസമുണ്ടാകുമ്പോഴേക്ക്, ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം കിട്ടുമ്പോഴേക്ക് അല്ലാഹുവിനെയും ദീനിനെയുമൊക്കെ അഗണ്യകോടിയില്‍ തള്ളിക്കളയുന്ന അല്‍പജ്ഞാനികള്‍ എന്തൊരു സഹതാപമാണര്‍ഹിക്കുന്നതെന്ന് ഇവിടെ ഒന്ന് ചിന്തിച്ചുനോക്കൂ!

No comments:

Post a Comment