" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, October 1, 2013

ശൈഖുനാ കാളമ്പാടി ഉസ്താദ്‌: ജീവിത വിശുദ്ധിയുടെ തൂവെണ്‍മ


ശൈഖുനാ കാളമ്പാടി ഉസ്താദ്‌
ഞ്ചുപതിറ്റാണ്ടിലെറെ കേരളീയ മുസ്‌ലിം സമുദായത്തില്‍ വിജ്ഞാനത്തിന്റെ പ്രസരണം നടത്തിയ ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന വിശുദ്ധ വ്യക്തിത്വം വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. ആ ശൂന്യതക്ക് ഇപ്പോഴും സമാനതകളില്ല. നേതൃനിരയില്‍ നിന്ന് ഒരു അഗ്രേസരന്‍ അകലുമ്പോള്‍ തുല്യപകരക്കാരന്‍ കടന്നുവരാത്തതിന്റെ വേദന വീണ്ടുമനുഭവിക്കുകയാണ് കേരളീയ മുസ്‌ലിംകള്‍.
കേരള മുസ്‌ലിം ജീവിതത്തിന്റെ ദിശക്ക് വഴികാട്ടിയ വിളക്കുമാടമായിരുന്നു കാളമ്പാടി ഉസ്താദ്. ഭൗതിക കോലാഹലങ്ങളില്ലാതെ, വിചാരം കൊണ്ടുപോലും ആരെയും നോവിക്കാത്ത, തന്റെ ഉടയാടകളിലെന്ന പോലെ ജീവിതത്തിലും തൂവെണ്‍മയുടെ വിശുദ്ധിയും ലാളിത്യവും സൂക്ഷിച്ച ആ മഹാമനീഷി പരത്തിയ വിശുദ്ധിയുടെ ധവളിമ കേരളീയ മുസ്‌ലിം സാമൂഹിക പരിസരങ്ങളില്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.
സമസ്തഃ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അദ്ധ്യക്ഷ പദവിയിലിരിക്കെയാണ് അദ്ദേഹം വിടപറയുന്നത്. വിശുദ്ധിയും വിജ്ഞാനവും വിനയവുമായിരുന്നു ഈ പണ്ഡിതസഭയുടെ നേതൃനിരയിലിരുന്നവരുടെയൊക്കെ ജീവിതങ്ങളെ ജനകീയവും സ്വീകാര്യവുമാക്കിയത്.
അറിവിന്റെ ലോകത്ത് അഗാധ ജ്ഞാനങ്ങളുടെ ഉടമയും ഗുരുവര്യരുടെ ഗുരുവര്യനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള പണ്ഡിത പ്രതിഭയുമായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍. അമ്പത്തിയൊന്ന് വര്‍ഷം നീണ്ട അധ്യാപന ജീവിതത്തിലൂടെ അദ്ദേഹം വാര്‍ത്തെടുത്തത് ആയിരക്കണക്കിന് സല്‍ജീവിതങ്ങളാണ്.
രസകരവും ചിന്തോദീപകവുമായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനമെന്ന് കേട്ടിട്ടുണ്ട്. ബുദ്ധിപരമായി ഏറ്റവും താഴെക്കിടയിലുള്ളവരെ പോലും ഗ്രഹിപ്പിക്കുന്ന വശ്യതയും സുതാര്യതയുമുണ്ടായിരുന്നുവത്രെ ആ ക്ലാസുകള്‍ക്ക്. നര്‍മങ്ങളും നാടന്‍ പദപ്രയോഗങ്ങളും ഉപദേശങ്ങളും ധാരാളം . സമയം മുഴുവന്‍ മഹല്‍ഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയില്‍ തളച്ചിട്ട ആ ജീവിതം കര്‍മ്മശാസ്ത്രത്തിലെ അവസാനവാക്കായിരുന്നു.
സ്വയം മഹാനെന്ന് അവകാശപ്പെടുന്നവര്‍ക്കിടയിലാണ് ലാളിത്യത്തിന്റെ മഹാ മാതൃകകള്‍ കാളമ്പാടി കാണിച്ചത്. പ്രായാധിക്യത്താല്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സമസ്ത ഔദ്യോഗിക വാഹനം നല്‍കാന്‍ തീരുമാനിച്ചു. വേണ്ടന്ന് നിരസിച്ച മുഹമ്മദ് മുസ്‌ലിയാര്‍ ഓട്ടോറിക്ഷയിലും ബസ്സിലും യാത്രചെയ്താണ് പട്ടിക്കാട് ജാമിഅ നൂരിയ്യായിലേക്കും തിരിച്ച് വീട്ടിലേക്കും പോയിരുന്നത്. ഇസ്തിരി വെക്കാത്ത വസ്ത്രങ്ങള്‍ ലാളിത്യത്തിന്റെ ആ മഹാജീവിതത്തെയാണ് മറച്ച് വെച്ചത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ സമസ്തഃക്ക് ആത്മ വിശ്വാസം പകര്‍ന്നത് കാളമ്പാടി ഉസ്താദിന്റെ സാനിദ്ധ്യവും നേതൃത്വവുമായിരുന്നു. പണ്ഡിത നേതൃത്വത്തിന്റെ അമരത്താണെങ്കിലും ബഹളമയമായിരുന്നില്ല ആ ജീവിതം. ആരവങ്ങളില്ലാത്ത വാചാലത, തിരമാലകളില്ലാത്ത കടല്‍പോലെ. പ്രതിബദ്ധത, ആത്മാര്‍ത്ഥത, നിഷ്‌കളങ്കത എന്നീ വിശേഷണങ്ങളുടെ പ്രതീകമായി കേരളീയ മുസ്‌ലിം പണ്ഡിതന്‍മാരില്‍ വിലയിരുത്തപ്പെടുന്ന അല്‍പം ചിലരില്‍ പ്രധാനിയാണദ്ദേഹം.
കര്‍മ്മനിരതമായിരുന്നു ആ മഹാനുഭവന്റെ ജീവിതയാത്ര. സമസ്തഃയുടെ അദ്ധ്യക്ഷനായി കേരളത്തിന്റെ മതകീയ--സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന അദ്ദേഹം സര്‍വ്വ സമ്മതനും സര്‍വ്വാദരണീയനുമായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയതങ്ങള്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍,കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍,വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ മുന്‍കാല നേതാക്കളുമായൊക്കെ അടുത്ത ബന്ധം സൂക്ഷിച്ചു.
സംഘടനാ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ് രാത്രി കാലങ്ങളില്‍ ഏറെ വൈകീട്ടാകും വീട്ടിലെത്തുക. കവുങ്ങിന്‍ തോട്ടത്തിലെ പഴയ മാളികവീട്ടിലേക്ക് വഴികാണാന്‍ കയ്യില്‍ എരിയുന്ന മെഴുകുതിരി കരുതാറുണ്ട്. ലാളിത്യത്തിന്റെ നേര്‍ക്കാഴ്ചകളായി ആ വീട്ടുവരാന്തയില്‍ പഴകി ദ്രവിച്ച ഒരു കസേരയും വരുന്നവര്‍ക്ക് ഇരിക്കാന്‍ ഒരു ബെഞ്ചും കാണാം.
വിവിധ പേരിലറിയപ്പെട്ട ത്വരീഖത്ത് വിവാദങ്ങള്‍, അഖില, സംസ്ഥാന തുടങ്ങിയ സംഘടനകള്‍, ത്വലാഖ് സംവാദം ഉള്‍പ്പെടെയുള്ള സംവാദങ്ങള്‍ തുടങ്ങിയവ സമസ്തയുടെ സംഘബലത്തെ ക്ഷീണിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവയെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തിയതില്‍ ഉസ്താദിന്റെ ധീരമായ സമീപനങ്ങള്‍ക്ക് ശക്തമായ പങ്കുണ്ട്.
തന്റെ രണ്ട് പെണ്‍കിടാങ്ങള്‍ അപകടത്തില്‍ പെട്ട് മരണപ്പെട്ടുവെന്ന് അറിഞ്ഞത് ജാമിഅഃയില്‍ 'ബുഖാരി' അധ്യാപനം നടത്തിക്കൊണ്ടിരിക്കെയാണ്. അല്ലാഹു തന്നത് അല്ലാഹുതന്നെ തിരച്ചുവാങ്ങി എന്ന് അക്ഷോഭ്യനായി പ്രതികരിച്ച അദ്ധേഹം അധ്യാപനം തുടര്‍ന്നു. അധ്യാപനം പാതിവഴിക്ക് നിര്‍ത്തിയാല്‍ അത് 'ബുഖാരി'യോട് കാണിക്കുന്ന അപമര്യാദയാവും എന്ന് ഭയന്നായിരുന്നുവത്രെ അത്. അറിവിന്റെ ആഴവും വിശ്വാസത്തിന്റെ ദൃഢതയും നന്മകളുടെ ശീലവും തന്നെയാണ് അദ്ദേഹത്തിന് ഈ മനക്കരുത്തും ധൈര്യവും പകര്‍ന്നത്.
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഇട്ടേച്ചുപോയ ഇടത്തിലേക്ക് കിടയറ്റ പകരക്കാരനെ തേടുകയാണ് കേരള മുസ്‌ലിംകള്‍. നാക്കിലും നോക്കിലും നടപ്പിലും ചിന്തയിലും വിശുദ്ധി സൂക്ഷിക്കുന്ന ഒരാളെ.
- പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ 

No comments:

Post a Comment