" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, July 2, 2013

മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത മക്കളെ മര്യാദ പഠിപ്പിക്കാന്‍ ചൈനയില്‍ പുതിയ നിയമം.


ബീജിങ്: ജീവിതത്തിന്റെ സായംസന്ധ്യയില്‍ അവഗണന പേറി ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധരായ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത മക്കളെ മര്യാദ പഠിപ്പിക്കാന്‍ ചൈനയില്‍ പുതിയ നിയമം.

വൃദ്ധ മാതാപിതാക്കളെ മക്കള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം പിഴയോ, തടവോ നേരിടേണ്ടിവരും. മാതാപിതാക്കളുടെ 'ആത്മീയ ആവശ്യങ്ങള്‍' മക്കള്‍ ശ്രദ്ധിക്കണമെന്നും അവരെ അവഗണിക്കുകയോ, അപമാനിക്കുകയോ ചെയ്യരുതെന്നും വൃദ്ധരുടെ അവകാശ സംരക്ഷണ നിയമത്തില്‍ പറയുന്നു. വീട്ടില്‍നിന്ന് അകലെ ജോലി ചെയ്യുന്നവര്‍ ഇടക്കിടെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരിക്കണം. അപ്രായോഗികമെന്ന് പറഞ്ഞ് ഒരുവിഭാഗം ചൈനക്കാര്‍ നിയമത്തെ പരിഹസിച്ചു. എത്ര തവണ സന്ദര്‍ശിക്കണമെന്ന് നിയമം നിര്‍ദേശിക്കുന്നില്ലെന്നാണ് വിമര്‍ശകരുടെ ആക്ഷേപം. എന്നാല്‍ പൊതുജനങ്ങള്‍ക്കുള്ള ശക്തമായ സന്ദേശമാണ് നിയമമെന്നും കുറ്റക്കാരെ ശിക്ഷിക്കാന്‍ ഇത് പര്യാപ്തമാണെന്നും ചൈനീസ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വൃദ്ധരുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതികള്‍ക്ക് വിധി പറയാന്‍ സാധിക്കും. ജോലിത്തിരക്കുകള്‍ക്കിടയില്‍ മാതാപിതാക്കളെ കാണാന്‍ ഇടക്കിടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ സാധിക്കില്ലെന്ന് ചൈനയുടെ ട്വിറ്റര്‍ പതിപ്പായ വെയ്‌ബോയില്‍ പലരും വ്യക്തമാക്കി.
സമയക്കുറവാണ് അവര്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. 'ഞങ്ങള്‍ ജീവിക്കാന്‍ പാടുപെടുകയാണ്. അതിനായി ഏറെ സമ്മര്‍ദ്ദമനുഭവിക്കുകയും ചെയ്യുന്നു. മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് ആരു സമയം തരും'-ഒരാള്‍ ചോദിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈന നേരിടുന്ന പ്രധാന പ്രശ്‌നം വൃദ്ധരുടെ പുനരധിവാസമാണ്. 2010ലെ കണക്കു പ്രകാരം രാജ്യത്ത് 17.8 കോടി വൃദ്ധരുണ്ട്. 2030ഓടെ ഇത് ഇരട്ടിയാകും. വൃദ്ധര്‍ക്കെതിരായ അതിക്രമങ്ങള്‍ ചൈനയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജിയാങ്‌സൂ പ്രവിശ്യയില്‍ 91കാരിയെ മക്കള്‍ വീട്ടില്‍നിന്ന് അടിച്ചുപുറത്താക്കിയ സംഭവം മാധ്യമ ശ്രദ്ധ നേടിയിരുന്നു. മരുമകളോട് പാല്‍ക്കഞ്ഞി ചോദിച്ചതിനായിരുന്നു ഇത്.


No comments:

Post a Comment