" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, July 7, 2013

പൂക്കോട്ടൂര്‍ ഹജ്ജ് കേമ്പിനു തുടക്കമായി


മലപ്പുറം: ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ പന്തലില്‍ നിന്നും ഇടക്കിടെ ഉയരുന്ന ലബ്ബൈക്ക് വിളികള്‍. ഭക്തി സാന്ദ്രമായ നഗരിയില്‍ ഇടമുറിയാത്ത പ്രാര്‍ത്ഥനകള്‍. സംശയങ്ങള്‍ക്ക് ഇടവരാതെ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കുന്ന ഹജ്ജ് കര്‍മ്മത്തിന്റെ സമ്പൂര്‍ണ്ണ പഠനം. പരിശുദ്ധ ഹജ്ജിനായി മനസ്സുകൊണ്ടോരുങ്ങിയ ഹാജിമാരുടെ സാന്നിധ്യം.

ഹജ്ജ് അറിവിന്റെ അക്ഷയ ഖനിയൊരുക്കിയ പൂക്കോട്ടൂര്‍ ഖിലാഫത്ത് നഗര്‍ ഇന്നലെ പരിശുദ്ധ കഅ്ബയിലേക്ക് വിരല്‍ ചൂണ്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേരാണ് ഇന്നലെ ചരിത്രമുറങ്ങുന്ന പൂക്കോട്ടൂരിന്റെ മണ്ണിലെത്തിയത്. ഹാജിമാരുടെ കൊച്ചു സംഘങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ ഖിലാഫത്ത് നഗരി ലക്ഷ്യമാക്കി പൂക്കോട്ടൂരിലെത്തിയിരുന്നു. അതിഥികള്‍ക്ക് സ്‌നേഹവിരുന്നൊരുക്കാന്‍ ദിസങ്ങള്‍ക്കു മുമ്പ് തന്നെ പൂക്കോട്ടൂരിന്റെ മണ്ണും മനസ്സും ഒരുങ്ങിയിരുന്നു.

സ്വന്തം വാഹനത്തിലെത്തുന്നവര്‍ക്ക് വിശാലമായ പാര്‍ക്കിംഗ് സംവിധാനവും ബസ്സു മാര്‍ഗം പൂക്കോട്ടൂരിലെത്തുന്നവര്‍ക്ക് ഖിലാഫത്ത് നഗരിയിലേക്ക് സൗജന്യ യാത്രാ സൗകര്യവും സംഘാടക സമിതി ഒരുക്കിയിരുന്നു. അതിഥികള്‍ക്കൊരുക്കിയ തേയില സല്‍ക്കാരവും ഏറെ ശ്രദ്ധേയമായി. കൃത്യ സമയത്തു തന്നെ ക്യാമ്പു തുടങ്ങിയത് സമയത്തിന് അവസാനിപ്പിക്കുന്നതിന് സംഘാടക സമിതിക്ക് സാധ്യമായി. വിശിഷ്ട വ്യക്തികളെ കൊണ്ടും പണ്ഡിതരെ കൊണ്ടും വേദി ധന്യമായി.

സര്‍ക്കാറിന് കീഴിലും അല്ലാതെയും ഹജ്ജു കര്‍മ്മത്തിനൊരുങ്ങിയവര്‍ക്കുള്ള സമ്പൂര്‍ണ്ണ പഠനമാണ് പൂക്കോട്ടൂരില്‍ ഇന്നലെ തുടങ്ങിയത്. അല്ലാഹുവിന്റെ അതിഥികള്‍ക്ക് വിരുന്നൊരുക്കാന്‍ ലഭിക്കുന്ന അവസരം പതിറ്റാണ്ട് പിന്നിട്ടതിന്റെ ചാരിതാര്‍ത്ഥ്യത്തിലായിരുന്നു പൂക്കോട്ടൂര്‍ നിവാസികള്‍. സ്വന്തം വീട്ടിലേക്കെന്ന പോലെ ഓരോ ഹാജിമാരെയും ഇവിടത്തുകാര്‍ സ്വീകരിച്ചിരുത്തി. അതിഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരസ്പരം മത്സരിച്ചു. ഭക്ഷണ വിതരണത്തിന് നാട്ടിലെ യുവാക്കളാണ് നേതൃത്വം നല്‍കിയത്.

അത്യാഹിത ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ഡോക്ടര്‍മാരുടെ സൗകര്യവും സംഘാടക സമിതി ഒരുക്കിയിരുന്നു. ഹാജിമാരുടെ സംശയ നിവാരണത്തിനും ക്യാമ്പ് വേദിയൊരുക്കി. നൂറുകണക്കിന് ചോദ്യങ്ങളാണ് സദസ്സില്‍ നിന്നും ലഭിച്ചത്. പ്രാമാണികമായി മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് ഹജിമാര്‍ക്കു വേണ്ട പ്രാര്‍ത്ഥനകള്‍ ചൊല്ലി പഠിപ്പിച്ചു. വൈകുന്നേരം നാല് മണിയോടെ ക്യാമ്പ് സമാപിച്ചു. ഇന്നു രാവിലെ ഒമ്പതിന് ആരംഭിക്കും

No comments:

Post a Comment