" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, November 5, 2013

നാസയുടെ ഉപകരണങ്ങളൊന്നുമില്ലാതെ മംഗള്‍യാന്‍ കുതിച്ചുയര്‍ന്നു

 
ചെന്നൈ: ചുവന്ന ഗ്രഹത്തിന്റെ ജീവരഹസ്യങ്ങളും നിഗൂഢതകളും തേടി ഇന്ത്യയുടെ മംഗള്‍യാന്‍ യാത്ര തിരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 2.38ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് അമ്പത്തിയാറര മണിക്കൂര്‍ നീണ്ടു നിന്ന കൗണ്ട്ഡൗണിന് ശേഷം മംഗള്‍യാന്‍ എന്നു പേരിട്ട രാജ്യത്തിന്റെ ചൊവ്വാഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചത്. 1.35 ടണ്‍ ഭാരവും ഒരു റഫ്രിജറേറ്ററിന്റെ വലിപ്പവുമുള്ള പേടകം പി.എസ്.എല്‍.വി സി25 റോക്കറ്റുവഴിയാണ് ഭ്രമണപഥത്തിലെത്തുക.

കൗണ്ട്ഡൗണിന്റെ അവസാന 12 മിനിട്ട് പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ നിയന്ത്രിച്ചു.. വിക്ഷേപിച്ച് 44 മിനിട്ടുനുള്ളില്‍ പര്യവേക്ഷണ വാഹനം ഭൂമിയില്‍ നിന്ന് 383 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തും. പിന്നീട് നാലു ഘട്ടങ്ങളായി 300 ദിവസം സഞ്ചരിച്ച് അടുത്ത വര്‍ഷം സപ്തംബര്‍ 24നാണ് ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക.

പസഫിക് സമുദ്രത്തില്‍ നങ്കൂരമിട്ടിരിക്കുന്ന എസ്.സി.ഐ യമുന, നളന്ദ എന്നീ കപ്പലുകള്‍ റോക്കറ്റിനെയും പര്യവേക്ഷണ വാഹനത്തെയും നിരീക്ഷിക്കും. ഇവയില്‍ സ്ഥാപിച്ചിരിക്കുന്ന ആന്റിനകള്‍ ഉപഗ്രഹത്തില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിക്കും.

1350 കിലോഗ്രാമാണ് മംഗള്‍യാന്റെ ഭാരം. ബഹുവര്‍ണ ക്യാമറ, മീഥൈന്‍ വാതകം കണ്ടെത്തുന്ന ഉപകരണം തുടങ്ങി ഐ.എസ്.ആര്‍.ഒ തദ്ദേശീയമായി വികസിപ്പിച്ച അഞ്ച് ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസയുടെ ഉപകരണങ്ങളൊന്നും പേടകത്തിലില്ല. എങ്കിലും വിക്ഷേപണത്തിനായി ഐ.എസ്.ആര്‍.ഒ നാസയുടെ സാങ്കേതിക സഹായം തേടിയിട്ടുണ്ട്.

വിക്ഷേപണം വിജയിക്കുന്നതോടെ, സോവിയറ്റ് യൂണിയന്‍, അമേരിക്ക, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവക്ക് ശേഷം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ. നേരത്തെ ചൈനയും ജപ്പാനും നടത്തിയ വിക്ഷേപണങ്ങള്‍ പരാജയപ്പെട്ടിരുന്നു. ചൊവ്വയിലേക്കുള്ള 51 വിക്ഷേപണങ്ങളില്‍ 21 എണ്ണം മാത്രമാണ് വിജയിച്ചിട്ടുള്ളത്. 450 കോടിയാണ് പദ്ധതിയുടെ ചെലവ്. ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് നേരത്തെ, ഒക്ടോബര്‍ 28ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.
നവംബര്‍ 18ന് നാസയുടെ മാവെന്‍ ഓര്‍ബിറ്ററും ചൊവ്വയെ ലക്ഷ്യമാക്കി കുതിക്കുന്നുണ്ട്. ഫ്‌ളോറിഡ സ്‌പേസ് കോസ്റ്റില്‍ നിന്നാണ് ഇതിന്റെ വിക്ഷേപണം. നേരത്തെ, ചൊവ്വയിലെ ജൈവ സാന്നിധ്യം കണ്ടെത്താനായി നാസ അയച്ചിരുന്ന ക്യൂരിയോസിറ്റി ഉപഗ്രഹം ലക്ഷ്യം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. ചൊവ്വയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മംഗല്‍യാന്‍ ഉപഗ്രഹത്തിലെ ക്യാമറകള്‍ ബഹുവര്‍ണ ചിത്രങ്ങള്‍ ഒപ്പിയെടുക്കും.
 

No comments:

Post a Comment