" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, November 7, 2013

വെളിച്ചം കണ്ടത് ഭീകര സത്യം


ജനീവ: ഫലസ്തീന്‍ നായകന്‍ യാസര്‍ അറഫാത്ത് മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ചരിത്രം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് പത്‌നി സുഹ അറഫാത്ത്. സംശയങ്ങളെല്ലാം റിപ്പോര്‍ട്ട് ശരിവെച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. 'അറഫാത്തിന്റേത് സ്വാഭാവിക മരണമല്ല. അദ്ദേഹം കൊല്ലപ്പെട്ടതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു'-സുഹ വ്യക്തമാക്കി.


അറഫാത്തിന്റെ ശരീരം മുഴുവന്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സ്വിസ് ശാസ്ത്രജ്ഞര്‍ ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ കണ്ടെത്തിയ സത്യങ്ങള്‍ ഫലസ്തീന്‍ ജനതയുടെ ആശങ്കകളെ സ്ഥിരീകരിക്കുന്നതാണ്. അറഫാത്തിനെ ഇസ്രാഈല്‍ വിഷംകൊടുത്ത് കൊന്നതാണെന്ന് അദ്ദേഹത്തിന്റെ മരണം മുതല്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസിയാന യൂനിവേഴ്‌സിറ്റി റേഡിയേഷന്‍ ഫിസിക്‌സ് വിഭാഗം വിദഗ്ധര്‍ അറഫാത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ പുറത്തടുത്ത് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. ഫ്രഞ്ച്, റഷ്യന്‍ വിദഗ്ധരടങ്ങുന്ന സംഘം തയാറാക്കിയ 108 പേജ് വരുന്ന റിപ്പോര്‍ട്ട് സുഹക്കും ഫലസ്തീന്‍ അതോറിറ്റിക്കും കൈമാറി. 2012 നവംബറില്‍ വെസ്റ്റ്ബാങ്കിലെ റാമല്ലയിലെത്തിയ സ്വിസ് സംഘം അദ്ദേഹത്തിന്റെ ഖബറിടം തുറന്ന് ശരീരാവശിഷ്ടങ്ങള്‍ ശേഖരിച്ചിരുന്നു. അറഫാത്തിന്റെ വാരിയെല്ലുകളിലും മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന ശരീരാവശിഷ്ടങ്ങളിലും പൊളോണിയം സാധാരണ അളവില്‍ കവിഞ്ഞ് 18 ഇരട്ടി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു. അറഫാത്തുമായി ഉറ്റബന്ധമുള്ള ആരെങ്കിലുമാകാം അദ്ദേഹത്തിന് വിഷം നല്‍കിയതെന്ന് സുഹ വിശ്വസിക്കുന്നു.

ചായയിലോ, വെള്ളത്തിലോ കലര്‍ത്തിയാണ് അദ്ദേഹത്തിന് വിഷം നല്‍കിയിട്ടുണ്ടാവുകയെന്ന് വിദഗ്ധര്‍ തന്നോട് പറഞ്ഞതായി സുഹ അറിയിച്ചു. റാമല്ലയില്‍ ഇസ്രാഈല്‍ സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്ന അറഫാത്ത് 2004 ഒക്ടോബര്‍ 12നാണ് രോഗബാധിതനായത്.
ഭക്ഷണം കഴിച്ച ഉടനെ ഛര്‍ദ്ദിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി പാരിസിലേക്ക് കൊണ്ടുപോകുകയാരുന്നു. നവംബര്‍ 11ന് ഫ്രഞ്ച് സൈനികാസ്പത്രിയില്‍ മരിക്കുകയും ചെയ്തു.

അന്താരാഷ്ട്ര അന്വേഷണം വേണം: ഫലസ്തീന്‍

ജറൂസലം: അണുവികിരണ മൂലകമായ പൊളോണിയം ഉള്ളില്‍ ചെന്നാണ് യാസര്‍ അറഫാത്ത് മരിച്ചതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കൊലയാളിയെ കണ്ടെത്താന്‍ അന്താരാഷ്ട്രതലത്തില്‍ അന്വേഷണം വേണമെന്ന് ഫലസ്തീന്‍ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ മരണത്തില്‍ താല്‍പര്യമുണ്ടായിരുന്നത് ഇസ്രാഈലിന് മാത്രമാണെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി.എല്‍.ഒ) നേതാവ് വാസല്‍ അബു യൂസുഫ് പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ അന്താരാഷ്ട്ര ജുഡീഷ്യല്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കേസിന്റെ നടത്തിപ്പിന് അന്താരാഷ്ട്ര ട്രൈബ്യൂണലിനെ നിയോഗിക്കണമെന്ന് ഫലസ്തീന്‍ മുഖ്യ കൂടിയാലോചകന്‍ സഈബ് എറകാതും ആവശ്യപ്പെട്ടു.

നിഷേധവുമായി ഇസ്രാഈല്‍

ടെല്‍അവീവ്: ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന് വിഷം നല്‍കിയത് തങ്ങളാണെന്ന ആരോപണം ഇസ്രാഈല്‍ നിഷേധിച്ചു. അദ്ദേഹത്തെ ശാരീരികമായി അപായപ്പെടുത്താന്‍ തങ്ങള്‍ ഒരിക്കലും തീരുമാനിച്ചിരുന്നില്ലെന്ന് ഊര്‍ജ മന്ത്രി സില്‍വാന്‍ ഷാലോം പറഞ്ഞു. അറഫാത്ത് മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് സ്വിസ് വിദഗ്ധരുടെ അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് ഇസ്രാഈല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തെ വിഷം നല്‍കി കൊന്നതാണെങ്കില്‍ പോലും അത് ചെയ്തത് ഇസ്രാഈല്ലെന്ന് ഷാലോം പറഞ്ഞു. അടുത്ത വൃത്തങ്ങളില്‍ ആരുടെയെങ്കിലും താല്‍പര്യപ്രകാരമായിരിക്കാം വിഷം നല്‍കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


 
 
 
 

 

No comments:

Post a Comment