" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, September 17, 2013

അറബിക് കോളജുകളില്‍ നവീന കോഴ്സുകള്‍: സര്‍വകലാശാലാ ചട്ടം തിരിച്ചടിയായി

  
കോഴിക്കോട്: സംസ്ഥാനത്തെ എയ്ഡഡ് അറബിക് കോളജുകളില്‍ നവീന കോഴ്സുകള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിക്ക് സര്‍വകലാശാലാ ചട്ടം തിരിച്ചടിയാവുന്നു. അറബിക് കോളജുകളുടെ നവീകരണം കൂടി ലക്ഷ്യമിട്ട് അനുവദിച്ച കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍വകലാശാലകള്‍ വിസമ്മതിക്കുകയാണ്. ചട്ടം ഭേദഗതി ചെയ്ത് അംഗീകാരം നേടിയെടുക്കാന്‍ കാലതാമസം വരുന്നതിനാല്‍ പുതിയ കോഴ്സുകളില്‍ ഈവര്‍ഷം പ്രവേശം നടക്കില്ളെന്നുറപ്പായി. 11 എയ്ഡഡ് അറബിക് കോളജുകളിലായി 22 കോഴ്സുകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാനത്തെ എല്ലാ എയ്ഡഡ് കോളജുകളിലും ഓരോ കോഴ്സുകള്‍ അനുവദിച്ചതിനു പിന്നാലെയായിരുന്നു ഇത്.
മലബാറിലാണ് 11 അറബിക് കോളജുകളും ഉള്‍പ്പെടുന്നത്. ഒമ്പതെണ്ണം കാലിക്കറ്റിനും രണ്ടെണ്ണം കണ്ണൂര്‍ സര്‍വകലാശാലക്കും കീഴിലാണ്. 2013-14 വര്‍ഷംതന്നെ ക്ളാസ് തുടങ്ങാന്‍ അനുമതി നല്‍കി 18 ഡിഗ്രി കോഴ്സുകളും എട്ട് പി.ജി കോഴ്സുകളുമാണ് അനുവദിച്ചത്. എം.എ അറബിക്, ബി.എ ഫങ്ഷനല്‍ അറബിക് ആന്‍ഡ് ഇംഗ്ളീഷ്, ബി.കോം വിത്ത് ഇസ്ലാമിക് ഫിനാന്‍സ്, ബി.എ ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ജേര്‍ണലിസം, ബി.എ ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഫങ്ഷനല്‍ അറബിക്, എം.എ ഇസ്ലാമിക് ഇക്കണോമിക്സ് ആന്‍ഡ് ബാങ്കിങ് തുടങ്ങിയ പുതിയ കോഴ്സുകളാണ് ഇതിലുള്ളത്.
ബി.എ അഫ്ദലുല്‍ ഉലമ, പോസ്റ്റ് അഫ്ദലുല്‍ ഉലമ എന്നീ കോഴ്സുകള്‍ മാത്രമാണ് നിലവില്‍ അറബിക് കോളജുകളിലുള്ളത്. ഓറിയന്‍റല്‍ കോളജുകള്‍ എന്നറിയപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളില്‍ മറ്റ് കോഴ്സുകള്‍ അനുവദിക്കാന്‍ സര്‍വകലാശാലകളുടെ ചട്ടം അനുവദിക്കുന്നില്ല. ബി.എ, എം.എ അറബിക് കോഴ്സുകള്‍ പോലും അറബിക് കോളജുകളില്‍ അനുവദിക്കാറുമില്ല.
നവീന കോഴ്സുകള്‍ അനുവദിക്കണമെന്ന ആവശ്യം സിന്‍ഡിക്കേറ്റുകള്‍ തള്ളുകയാണ് പതിവ്. കാലിക്കറ്റ് സിന്‍ഡിക്കേറ്റിന്‍െറ കഴിഞ്ഞ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായിരുന്നു. വിവിധ അഭിപ്രായമുയര്‍ന്നതിനാല്‍ അജണ്ട അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു. കോഴ്സുകള്‍ അനുവദിക്കണമെങ്കില്‍ സിലബസ് ഉണ്ടായിരിക്കണമെന്നും നിയമമുണ്ട്. സര്‍ക്കാര്‍ അനുവദിച്ച കോഴ്സുകള്‍ക്കൊന്നും സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സിലബസില്ല. ഈ കോഴ്സുകള്‍ ഏത് പഠനബോര്‍ഡിനു കീഴില്‍ വരുമെന്നതിനെക്കുറിച്ച് വിവിധ ഡീന്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment